നരേന്ദ്രമോദിയെ ഭരണത്തിൽ നിന്നും താഴെയിറക്കണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. കോണ്‍ഗ്രസിന്‍റെ 138ാം സ്ഥാപക വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസി ഓഫീസില്‍ സംസാരിക്കുകയായിരുന്നു ആന്‍റണി. കോണ്‍ഗ്രസ് അധികാരത്തിലേക്ക് മടങ്ങി എത്തണമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ മാത്രം പിന്തുണ പോരാ, ഭൂരിപക്ഷം ഹിന്ദുക്കളാണ്, അവരെകൂടി മോദിക്കെതിരെ അണിനിരത്തിയാലേ അധികാരം പിടിക്കാന്‍ കഴിയൂ എന്ന് എ.കെ ആന്‍റണി പറഞ്ഞു. തിലകക്കുറി ചാര്‍ത്തുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തിയാല്‍ തിരിച്ചടിയാകും. മുസ്ലിമിനും ക്രിസ്ത്യാനികള്‍ക്കും പള്ളിയില്‍ പോകാന്‍ സ്വാതന്ത്ര്യം ഉള്ളതുപോലെ ഹിന്ദുക്കള്‍ക്കും ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും ആന്‍റണി പറഞ്ഞു
ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിര്‍ന്ന നേതാവ് എ കെ ആൻറണിയുടെ പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ പിന്തുണച്ചു. എന്നാൽ ലീഗിനെ നോവിക്കാതെയും സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ചുമാണ് കോൺഗ്രസ് നേതാക്കൾ ആന്റണിയുടെ പ്രസ്താവന ഏറ്റെടുത്തത്. എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ഹിന്ദു കേഡർ വോട്ട് ഉറപ്പിക്കുന്നതിനൊപ്പം പിണറായിയുടെ സാമുദായിക എഞ്ചിനീയറിംഗ് വഴി ന്യൂനപക്ഷ വോട്ടുകൾ കൂടി കിട്ടുന്നതാണ് സിപിഎമ്മിനുള്ള മേൽക്കൈക്കുള്ള കാരണമായി കോൺഗ്രസ് കരുതുന്നത്.
കോൺഗ്രസ് നിലപാടിനെ വിമർശിച്ച് ഇതിനോടകം ബിജെപി രംഗത്തെത്തി. ഭൂരിപക്ഷസമുദായത്തെ എന്നും ദ്രോഹിച്ച കോൺഗ്രസ് നിലപാട് കാപട്യമാണെന്ന് ബിജെപി വിമർശിച്ചു. എന്നാൽ ലീഗ് വിഷയത്തിൽ പ്രതികരിച്ചില്ല.