ന്യൂയോർക്: അമേരിക്കയിൽ തുടരുന്ന ശീതക്കാറ്റിൽ മരണം 60 കവിഞ്ഞു. ന്യൂയോർക്ക് സംസ്ഥാനത്തിൽ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഗതാഗതസൗകര്യങ്ങളെല്ലാം താറുമാറായ അവസ്ഥയാണ്. അമേരിക്കയിലെ ലക്ഷകണക്കിന് മലയാളികളുടെ ജീവിതവും ദുരിതത്തിലായതായാണ് റിപ്പോർട്ട്‌കൾ.
കനത്ത മഞ്ഞ് വീഴ്ചയെത്തുടർന്ന് വൻനാശനഷ്ടങ്ങളാണ് അമേരിക്കയിൽ ഉണ്ടായികൊണ്ടിരിക്കുന്നത്. മഞ്ഞ് വീഴ്ചയെ തുടർന്ന് ഗതാഗതകുരുക്കിൽപ്പെട്ട വാഹനങ്ങൾക്ക് അകത്തുനിന്നും വീടുകൾക്ക് പുറത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട് ഉണ്ട്. നിരവധി പേർ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റോഡുകൾ ഉൾപ്പെടെ മഞ്ഞ് മൂടി കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. എങ്കിലും നിലവിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
റോഡ്- റയിൽ- വ്യോമഗതാഗതങ്ങൾ ഒന്നുംതന്നെ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. ഭൂരിഭാഗം വിമാനസർവീസുകളും റദ്ദാക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതബന്ധം നിലച്ചതിനാൽ ഒട്ടുമിക്ക വീടുകളും ഇരുട്ടിലാണുള്ളത്. വരുംദിവസങ്ങളിൽ മഞ്ഞുരുകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ഉണ്ട്. മഞ്ഞുരുകി മാറിയാൽ മാത്രമേ ദുരന്തവ്യാപ്തി അറിയാൻ സാധിക്കുള്ളു. അമേരിക്കയിൽ ഇപ്പോൾ സ്ഥിതി യുദ്ധസമാനമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.