ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനുള്ള കോൺഗ്രസിന്റെ ക്ഷണം നിരസിച്ച് പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും മായാവതിയും. ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര യുപിയിൽ പ്രവേശിക്കുന്നത്. യാത്രയിൽ പങ്കെടുക്കാൻ സമാജ് വാദി പാർട്ടി, ബി.എസ്.പി, ആർ.എൽ.ഡി തുടങ്ങിയ പ്രതിപക്ഷപാർട്ടി നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചിരുന്നു.
ബി എസ്.പി അദ്ധ്യക്ഷ മായാവതി കുറച്ച്നാൾ മുൻപ് കോൺഗ്രസിനെ രൂക്ഷമായി വിമശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വേണം മായാവതി ക്ഷണംനിരസിച്ചതിനെ കാണേണ്ടതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സമാജ് വാദി പാർട്ടിയുടേത് ആകട്ടെ യാത്രയിൽ പങ്കെടുത്തില്ലെങ്കിലും യാത്രയെ ആശയപരമായി പിന്തുണയ്ക്കുമെന്ന നിലപാടാണ്. ആർ.എൽ.ഡി യും സമാനനിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനപ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിയുടെ സഹായം വേണ്ടിവരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് കോൺഗ്രസിന്റെ നീക്കമെന്നാണ് രാഷ്ട്രീയപരമായ വിലയിരുത്തൽ. ഇത് മനസിലാക്കിയാണ് അഖിലേഷ് ഉൾപ്പെടെയുള്ളവർ പിന്മാറിയതെന്നും സൂചനയുണ്ട്.
ഇന്ത്യയെ ഒന്നിപ്പിക്കുക എല്ലാവരും ചേർന്ന് രാജ്യത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ജോഡോ യാത്രയ്ക്കുള്ളതെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ കൂടുതൽ സജ്ജമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കേന്ദ്രത്തിലെ മോദിസർക്കാരിനെക്കുറിച്ചും യുപിയിലെ യോഗിസർക്കാരിനെക്കുറിച്ചും പ്രതിപക്ഷത്തിന് ഒരേ നിലപാടായതുകൊണ്ടാണ് പ്രതിപക്ഷനേതാക്കളെ യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചതെന്നാണ് കോൺഗ്രസിന്റെ വാദം.