ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ ആകർഷണ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഗ്ലോബൽ വില്ലേജിൽ പുതുവത്സരരാവിൽ വിപുലമായ പരിപാടികൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 31 നു രാത്രി 7 സമയ മേഖലകളിൽ പുതുവർഷം ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ ക്ഷണിക്കുന്നു. രാത്രി എട്ടു മണിക്കാണ് ആഘോഷങ്ങളുടെ തുടക്കംകുറിക്കുക. ഒരു രാത്രി മുഴുവൻ പ്രധാന സ്റ്റേജിലും പാർക്കിന് ചുറ്റും ആകാശത്തും ടൺകണക്കിന് വിനോദങ്ങളാണ് ഒരുക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് വിനോദ വിഭാഗം ഡയറക്ടർ ഷൗൻ കോർണൽ പറഞ്ഞു.
ആഘോഷണങ്ങളോടൊപ്പം ഡാൻസ്, ഡിജെ ഉൾപ്പെടെ വമ്പൻ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
എല്ലാ വർഷങ്ങളിലെയും പോലെ വിവിധ രാജ്യങ്ങളിൽ പുതുവത്സരപ്പിറവികൾ സംഭവിക്കുന്ന സമയത്ത് പ്രത്യേകമായ ആഘോഷങ്ങളാണ് ഇത്തവണയും ആഗോളഗ്രാമത്തിൽ ഒരുക്കിയിട്ടുള്ളത്. യുഎഇയുമായി 4 മണിക്കൂർ വ്യത്യാസമുള്ള ഫിലിപ്പൈൻസിൽ പുതുവർഷം എത്തുന്ന സമയം അതായത് യുഎഇ സമയം രാത്രി 8 മണിക്ക് ഫിലിപ്പീൻസിനൊപ്പമാണ് പുതുവർഷം തുടങ്ങുന്നത്. 9 മണിക്ക് തായ്‌ലൻഡിന്റെ പുതുവർഷം, 10ന് ബംഗ്ലാദേശും, 10.30ന്, ഇന്ത്യയും 11ന് പാക്കിസ്ഥാനും 12ന് യുഎഇയും 1 മണിക്ക് തുർക്കിയും ഗ്ലോബൽ വില്ലേജിൽ പുതുവത്സരം ആഘോഷിക്കും. ഒരു മണിക്ക് തുർക്കിയുടെ പുതുവർഷത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുക.ഓരോ പുതുവത്സരപ്പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബൽ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിക്കും.
ഡിസംബർ 31 ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച് പുലർച്ചെ രണ്ടുവരെയാണ് പുതുവത്സരരാവിൽ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. ശനിയാഴ്ച സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി സംവരണം ചെയ്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വര്ഷങ്ങളിലേത് പോലെ ഇക്കുറിയും സന്ദർശകർ ഏറെ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.