സിക്കിമിൽ കരസേനയുടെ ട്രക്ക് മറിഞ്ഞ് മൂന്ന് ഓഫീസർമാർ അടക്കം 16 പേർ മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന് തിരിച്ചറിഞ്ഞു. പാലക്കാട് ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ മകനാണ് വൈശാഖ്. നാല് വർഷമായി ഇന്ത്യന്‍ സേനയിൽ പ്രവര്‍ത്തിക്കുകയായിരുന്നു വൈശാഖ്. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് വൈശാഖ് മടങ്ങിയത്. 221 റജിമെന്‍റില്‍ നായക് ആയിരുന്നു വൈശാഖ്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അതീവ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിലേക്ക് ഹെലികോപ്ടറിൽ മാറ്റിയ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഖം രേഖപ്പെടുത്തി. മരിച്ച ധീര സൈനികരുടെ സേവനത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും മന്ത്രി കുറിച്ചു.
ഇന്ന് രാവിലെ ഉത്തര സിക്കിമിലെ ചാറ്റെനിൽനിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. സേമ മേഖലയിലെ മലമുകളില് വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.