ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുള്ളില്‍ ദുരന്തത്തെകുറിച്ചുള്ള വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
എന്നാൽ 31 പേർ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. അതേസമയം, പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, ബിഹാറിൽ രാഷ്ട്രപതിഭരണം വേണമെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും തീരുമാനം.