ഓപ്പറേഷൻ പഞ്ചികിരണിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടു ദിവസമായി നടത്തിവന്ന സബ് രജിസ്ട്രാർ ഓഫീസുകളിലെ മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് വൻ ക്രമക്കേടുകൾ. ഓഫീസ് ഫയലുകളിൽ ക്യാഷ് ഒളിപ്പിച്ചുവച്ചതുമുതൽ ഓൺലൈൻ പണമിടപാട് വരെ വ്യാപകമായ തിരിമറികളാണ് കണ്ടെത്തിയത്. ആധാരമെഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ 76 ഓഫീസുകളിൽ ഒരേസമയം ആരംഭിച്ച പരിശോധനയിൽ പലയിടങ്ങളിലായി കണക്കിൽപെടാത്ത രൂപ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാമതും പരിശോധന നടത്തിയത്. ഓഫീസുകളിലെ കാബിനിൽ നിന്നും റെക്കോർഡ്ബുക്സിൽനിന്നും മേശവിരിപ്പിനടിയിൽ നിന്നുമായി ആദ്യഘട്ടറെയ്ഡിൽ ഒന്നരലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്.
രണ്ടാംഘട്ട പരിശോധനയിൽ ഗൂഗിൾ പേ ഉൾപ്പെടെയുള്ള ഓൺലൈൻ പണമിടപാടുകളെ കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം നടന്നു. ഇതേതുടർന്ന് നെയ്യാറ്റിൻകരയിലെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി ആധാരം എഴുത്തുകാർ പണമിടപാട് നടത്തിയതായി കണ്ടെത്തി. ഓഫീസ് പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ പോലും തിരിമറികൾ നടത്തിയിട്ടുണ്ട്. ഓൺലൈൻബാങ്ക് ഇടപാടുകളിൽ വരുദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും വിജിലൻസ് അറിയിച്ചു.