ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി ആരാവണം എന്ന തീരുമാനം ഹൈക്കമാൻഡിന് വിടാൻ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനം ആയി. ഹിമാചൽ പ്രദേശിൽ തിളക്കമാർന്ന വിജയം നേടിയ കോൺഗ്രസിന്റെ വിജയാഹ്ലാദം അവസാനിക്കുന്നതിന് മുൻപേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് കടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭാസിംഗ് അവകാശമുന്നയിച്ചതോടെ ഇന്ന് നാടകീയ രംഗങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പ്രചാരണ ചുമതലയുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മർദ്ദം ശക്തമാക്കുന്നത്.
എംഎൽഎമാരിൽനിന്നുതന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് സൂചന. ഷിംലയിൽ നടന്ന യോഗത്തിൽ 40 എംഎൽഎമാരും പങ്കെടുത്തു. മുഖ്യമന്ത്രിയാരാകണമെന്നതിൽ ആദ്യഘട്ട ചർച്ചകളാണ് ഇന്ന് യോഗത്തിൽ നടന്നത്. എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന പ്രമേയം യോഗത്തിൽ പാസാക്കി