ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2.5 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളില്‍ ബാക്കിയുള്ള 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. 833 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ പോളിംഗ് സ്റ്റേഷനിലെത്തിയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിയ്ക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന, ഹാര്‍ദിക് പട്ടേല്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ നാരന്‍പുര പോളിംഗ് ബൂത്തിലെത്തിയാണ് അമിത് ഷാ വോട്ട് രേഖപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ പോളിങ് ശതമാനം കുറവായിരുന്നു. നഗരത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ വിമുഖത കാണിച്ചതാണ് പോളിംഗ് കുറച്ചതെന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടാം ഘട്ടത്തില്‍ എല്ലാവരും വോട്ടുചെയ്യാന്‍ എത്തണമെന്ന് ഗുജറാത്തിലെ വോട്ടര്‍മാരോട് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. ബിജെപിയും ആം ആദ്മിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 93 സീറ്റുകളിലും ബിജെപിയും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയും മത്സരിക്കുന്നുണ്ട്.