ശശി തരൂരിന്റെ സന്ദര്‍ശനം വിഭാഗീയതയല്ലെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ മതിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ആരും ആരെയും വില കുറച്ചു കാണരുത്. കണ്ടാൽ മെസ്സിക്കു പറ്റിയതു പറ്റുമെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്ന ബലൂൺ വാർത്തകൾ ഒരു സൂചി തട്ടിയാൽ പൊട്ടിപ്പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിനു മറുപടിയുമായി ശശി തരൂർ എംപി. സമാന്തര, വിഭാഗീയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അനുവദിക്കില്ലെന്നു പറയുന്നവർ, താൻ ചെയ്‌ത വിഭാഗീയ പ്രവർത്തനമെന്താണെന്നു വ്യക്തമാക്കണമെന്ന് മലബാർ പര്യടനത്തിനിടെ ശശി തരൂർ ആവശ്യപ്പെട്ടു. നിങ്ങൾ ബലൂൺ ഊതി വീർപ്പിക്കാൻ വന്നതല്ലല്ലോ എന്നു മാധ്യമങ്ങളോടു തമാശ പറഞ്ഞ തരൂർ, വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാമെന്നും പറഞ്ഞു. തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തരൂർ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞതിനോടു പൂർണമായി യോജിക്കുന്നുവെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. നേതാവായാലും പ്രവർത്തകരായാലും പാർട്ടി ചട്ടങ്ങൾ പാലിക്കണമെന്നും താരിഖ് പറഞ്ഞു. ശശി തരൂർ എംപി വിമത പ്രവർത്തനമാണ് നടത്തുന്നതെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു