മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എൻഐഎയും പരിശോധന നടത്തുകയാണ്. മംഗളൂരു സ്‌ഫോടത്തിന് ഒരാഴ്ച മുമ്പ് കേസിൽ പ്രതിയായ ഷാരിഖ് ഉൾപ്പെടെ ട്രയല്‍ നടത്തിയെന്നാണ് എൻ ഐ എ കണ്ടെത്തിയത്. ഷാരിഖിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെയാണ് ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്‌ഫോടനം നടത്തിയത് എന്ന് വ്യക്തമായത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി.
കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂർ സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ്സ്റ്റാന്‍ഡില്‍ സമാനമായ സ്ഫോടനത്തിനായിരുന്നു പദ്ധതി.
ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കര്‍ണാടക പൊലീസിന്റെ കണ്ടെത്തൽ. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രധാനസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ വിദേശത്തിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്നും പൊലീസ് കണ്ടെത്തി. മംഗളുരു സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി വിദേശത്തേക്ക് മടങ്ങിപോയിരുന്നു .