ഷാര്‍ജ: ലോകം മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നവംബര്‍ 11 വെള്ളിയാഴ്ച ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ അതിഥിയായെത്തുന്നു. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ ബോളിവുഡില്‍ നിന്നെത്തുന്ന ഏകതാരവും ഷാരൂഖ് ആയിരിക്കും. മിഡില്‍ ഈസ്റ്റില്‍ ധാരാളം ആരാധകരുള്ള ഷാരൂഖാന്റെ സിനിമ, സ്വദേശികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ വലിയ ആരാധനനിര തന്നെ നാളെ ഷാരൂഖ് ഖാനെ കാണാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ആദ്യം എത്തുന്നവർക്ക് മുൻഗണന എന്ന രീതിയിലാണ് തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുന്നത്. പുസ്തക മേളയില്‍ ഷാരൂഖ് ഖാന്‍ വൈകുന്നേരം 6 മണിക്ക് ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംസാരിക്കും. നല്ല പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഷാരൂഖ് തന്റെ വായനാ അനുഭവങ്ങളെക്കുറിച്ച് ആരാധകരുമായി സംവദിക്കും