ഷാർജ: പരമ്പരാഗത പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പകരം ഡിസൈന്‍ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അവരുടെ ഭാവി മികച്ചതാക്കാന്‍ ഇതുപകരിക്കുമെന്നും പ്രമുഖ ഡിസൈനറും പരിശീലകയുമായ ഗായ അബ്ദുല്‍ കബീര്‍. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു ഗായ.
ഡിസൈന്‍ പഠനത്തിന് മാത്രമായി ഇന്ത്യയില്‍ 28 ദേശീയ വിദ്യാദ്യാസ സ്ഥാപനങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളില്‍ ഫാഷന്‍, ഓട്ടോമൊബൈല്‍, കമ്യൂണിക്കേഷന്‍, ജ്വല്ലറി, വെബ് ഡിസൈന്‍, യുഐയുഎക്‌സ്, ആനിമേഷന്‍, ഫിലിം ആന്റ് വീഡിയോ തുടങ്ങി 22 വ്യത്യസ്ത ബ്രാഞ്ചുകളിലാണ് ബിരുദ കോഴ്‌സുകളുള്ളത്. ഇത്തരം കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്ക് മാത്രമായി പരിശീലനം നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചത് ഗായയാണ്. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ്സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്ന സ്ഥാപനത്തിലെ ആദ്യ ബാച്ചിലെ 82 ശതമാനം വിമാര്‍ത്ഥികളെയും ദേശീയ സ്ഥാപനങ്ങളിലെത്തിച്ചോടെയാണ് ഗായ ശ്രദ്ധേയമായത്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നിന്നും പ്രചോദനമുള്‍ള്‍ക്കൊണ്ടാണ് ഗായ മുംബൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫാഷന്‍ ടെക്‌നോളജിയില്‍ പ്രവേശനം നേടുന്നത്.