തിരുവനന്തപുരം: പൂപ്പൽ വിഷബാധ എല്ലാത്തരം കന്നുകാലികളേയും പക്ഷികളേയും ബാധിക്കുന്നുണ്ടെന്നും താറാവുകളെയാണ് കൂടുതൽ ബാധിക്കുക എന്നും ഇതിനെതിരെ ശ്രദ്ധ വേണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മഴക്കാലത്താണ് പൂപ്പൽവിഷബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ളത്. കർഷകർ കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ നനവേൽക്കാതെ സൂക്ഷിക്കണം. നനഞ്ഞ കൈകൾ കൊണ്ടോ, നനഞ്ഞ പാത്രങ്ങൾ ഉപയോഗിച്ചോ തീറ്റ കൈകാര്യം ചെയ്യരുത്. ഈർപ്പമുള്ള തറയിലോ ചുമരിനോടോ ചേർന്ന് തീറ്റച്ചാക്കുകൾ സൂക്ഷിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. പൂപ്പൽ വിഷബാധ പ്രധാനമായും മൃഗങ്ങളിലും പക്ഷികളിലും കരളിന്റെ ആരോഗ്യത്തെ ബാധിക്കും. പാൽ-മുട്ട ഉൽപാദനക്ഷമത, രോഗപ്രതിരോധശേഷി, ദഹനശേഷി, പ്രത്യുൽപാദനശേഷി എന്നിവയും പൂപ്പൽ വിഷബാധ മൂലം കുറയുമെന്നും പറയുന്നു