ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷൻ കമലത്തിന്’ പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉയർത്തിയ “ഓപ്പറേഷൻ കമലം” ആരോപണം തള്ളി ബിജെപിയും രംഗത്ത് വന്നു. ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാർ വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
എന്നാൽ ആരോപണത്തിലുറച്ച് നിൽക്കുകയാണ് ടിആർഎസും ചന്ദ്രശേഖർ റാവുവും. തുഷാർ വെള്ളാപ്പള്ളി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു. 100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാൻ തുഷാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടത്. തെലങ്കാന ഹൈക്കോടതിയിൽ വീഡിയോ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്.