പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. കാനായി കുഞ്ഞിരാമന്‍ കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. എന്നാൽ ശിൽപങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍ പ്രതികരിച്ചു. കേരളത്തിൽ കലയ്ക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കലയെ പ്രോത്സാഹിപ്പിക്കാതെ പുരസ്കാരം വാങ്ങാൻ മനസ്സ് സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശില്‍പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ശംഖുമുഖത്തെ സമുദ്രകന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്‍പത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് അക്കാര്യം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ പരിഹാരം കണ്ടെത്തിയില്ല. വേളിയിലെ അവസ്ഥയും സമാനമാണ്. ആർക്കും വേണ്ടാത്ത ഒരു വേളിയാണ് ഞാൻ ആദ്യമായി എത്തുമ്പോൾ അവിടെയുണ്ടായിരുന്നത്. ആരും അവിടെ പോയിരുന്നില്ല. അവിടെ ലോകത്തിലെ ഏറ്റവും വലിയ ശംഖ് സ്ഥാപിച്ചു. നാട്ടുകാർക്ക് വരുമാനം ലഭിച്ചതോടെ അതിനെ ദൈവത്തെ പോലെയാണ് നാട്ടുകാർ കണ്ടത്. അതും വികൃതമാക്കിക്കളഞ്ഞു. ഇതേ അവസ്ഥയാണ് കണ്ണൂർ പയ്യാമ്പലത്തും. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാൻ ആവശ്യപ്പെട്ടത്. 80 സെന്റ് മാത്രമുണ്ടായിരുന്ന അവിടെ മൂന്ന് ഏക്കറിൽ സൂര്യാസ്തമയം കാണാവുന്ന രീതിയിലാണ് ഞാൻ പാർക്ക് ക്രമീകരിച്ചത്. അതും അവഗണിക്കപ്പെട്ടു കിടക്കുകയാണ്. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ ഈ അവാർഡ് ഞാൻ എങ്ങനെയാണ് സ്വീകരിക്കുക. എന്റെ പ്രശ്നങ്ങൾക്ക് അവാർഡ് ഒരു പരിഹാരമല്ല’ – കാനായി കുഞ്ഞിരാമൻ വ്യക്തമാക്കി.