വാഷിങ്ടണ്‍: ഐക്യരാഷ്‌ട്രസഭയുടെ ജനസംഖ്യ ഏജന്‍സി, രാജ്യാന്തര കാലാവസ്ഥ ചര്‍ച്ചകള്‍ക്കുള്ള ഐക്യരാഷ്‌ട്രസഭ കരാര്‍ തുടങ്ങിയവയില്‍ നിന്നടക്കം 66 രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക ട്രംപ് ഭരണകൂടം. ആഗോള സഹകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.
66 സംഘടനകള്‍ക്കും ഏജന്‍സികള്‍ക്കും കമ്മീഷനുകള്‍ക്കും ഉള്ള പിന്തുണ പിന്‍വലിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ ദിവസം ട്രംപ് ഒപ്പ് വച്ചു. ഐക്യരാഷ്‌ട്രസഭയടക്കമുള്ള സംഘടനകളുമായി ബന്ധമുള്ള നിരവധി രാജ്യാന്തര സംഘടനകള്‍ക്ക് നല്‍കുന്ന ധനസഹായം ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് ഇത്തരമൊരു നടപടിയെന്ന് വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഐക്യരാഷ്‌ട്രസഭ ഏജന്‍സികള്‍, കമ്മീഷനുകള്‍, കാലാവസ്ഥ, തൊഴില്‍, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ഉപദേശക സമിതികള്‍ തുടങ്ങിയവയ്ക്കുള്ള പിന്തുണയാണ് പിന്‍വലിച്ചിരിക്കുന്നത്. അറ്റ്ലാന്‍റിക് സഹകരണത്തിനുള്ള പങ്കാളിത്തം, ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി, ഇലക്‌ടറല്‍ അസിസ്റ്റന്‍സ്, ആഗോള ഭീകരവിരുദ്ധ ഫോറം തുടങ്ങിയവയില്‍ നിന്നാണ് അമേരിക്ക പിന്‍വാങ്ങുന്നത്.
ഈ സംഘടനകൾ എല്ലാം അമേരിക്കയുടെ ദേശീയ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും മൊത്തത്തിലുള്ള അഭിവൃദ്ധിക്കും വിരുദ്ധമാണെന്നും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്ത് വിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായതും മോശമായി കൈകാര്യം ചെയ്യുന്നതും കെടുകാര്യസ്ഥത നിറഞ്ഞതും ചിലരുടെ താത്പര്യങ്ങള്‍ക്കും അജണ്ടകള്‍ സംരക്ഷിക്കാനും വേണ്ടി ലക്ഷ്യമിട്ടുള്ളതുമാണെന്നുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇവ പലതുമെന്നും അവര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ ജനതയുടെ വിയര്‍പ്പും രക്തവും ധനവും ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി ചെലവിടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ട്രംപിന്‍റെ നിലപാടെന്നും റൂബിയോ പറയുന്നു. നികുതിദായകരുടെ ശതകോടികളാണ് വിദേശ താത്പര്യങ്ങള്‍ക്കായി ഒഴുക്കിക്കളയുന്നത് ഇതോടെ അവസാനിപ്പിച്ചിരിക്കുന്നുവെന്നും റൂബിയോ തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

