ഇസ്രയേലിന് ആയിരക്കണക്കിന് ബോംബുകളും മിസൈലുകളും ഉൾപ്പെടെ 7 ബില്യൺ ഡോളറിലധികം മൂല്യമുള്ള സൈനിക വിൽപ്പനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് അമേരിക്ക. ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദികളുടെ മോചനവും വെടിനിര്‍ത്തല്‍ കരാറും നിലനില്‍ക്കുമ്പോഴാണ് അമേരിക്കയുടെ ഏറ്റവും പുതിയ നടപടി.
ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 6.75 ബില്യണ്‍ ഡോളറിന് യുദ്ധോപകരണങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശ കിറ്റുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഇസ്രയേലിന് കൈമാറുമെന്നാണ് അമേരിക്കന്‍ പ്രതിരോധ കാര്യാലയം അറിയിച്ചിരിക്കുന്നത്. അംഗീകൃത വിൽപ്പന പാക്കേജിന് ഏകദേശം 6.75 ബില്യൺ ഡോളർ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ യുദ്ധോപകരണങ്ങൾ, ഗൈഡൻസ് കിറ്റുകൾ, ഫ്യൂസുകൾ എന്നിവയും ഉൾപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് കമ്പനിയും വാണിജ്യ ജെറ്റ്‌ലൈനറുകളുടെയും പ്രതിരോധ, ബഹിരാകാശ, സുരക്ഷാ സംവിധാനങ്ങളുടെയും മുൻനിര നിർമ്മാതാവുമായ ബോയിംഗ്കമ്പനിയും ലോക്ക്ഹീഡ് മാർട്ടിനും ഇതിലെ പ്രധാന കരാറുകാരാണ്. ഇസ്രയേലിനുള്ള രണ്ടാമത്തെ ആയുധ പാക്കേജില്‍ 3,000 ഹെല്‍ഫയര്‍ മിസൈലുകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടുന്നു, ഇവയുടെ ചെലവ് ഏകദേശം 660 മില്യണ്‍ ഡോളറാണ്. ഈ മിസൈലുകളുടെ വിതരണം 2028 ല്‍ നടക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ആയുധ ശേഖരം ശക്തിപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമത്തിലെ മറ്റൊരു ചുവടുവയ്പ്പാണ് ഈ വില്‍പ്പന.