മോസ്‌കോയിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് നേരെ യുക്രേനിയന്‍ സൈനിക ഡ്രോണുകള്‍ ആക്രമണം നടത്തി. ആളപായം സംഭവിച്ചില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചു. രാത്രിയിലാണ് ആക്രമണം നടന്നതെന്ന് മോസ്‌കോ മേയര്‍ പറഞ്ഞു. രണ്ട് ഓഫീസ് ടവറുകള്‍ക്കും ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി. ആക്രമണത്തിന് ശേഷം റഷ്യ മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളം അടച്ചുപൂട്ടി. മുഴുവന്‍ വിമാനങ്ങളും വഴിതിരിച്ചുവിടുകയും ചെയ്തു. യുക്രൈനിലെ സംഘര്‍ഷത്തിനിടെ അപൂര്‍വമായി മാത്രമേ മോസ്‌കോയും ചുറ്റുപാടുമുള്ള പ്രദേശവും ഡ്രോണ്‍ ആക്രമണത്തിന് ഇരയായിട്ടുള്ളൂ. യുക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് 500 കിലോമീറ്റര്‍ (310 മൈല്‍) അകലെയാണ് മോസ്‌കോ സ്ഥിതി ചെയ്യുന്നത്.
ഈ മാസമാദ്യം, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി. ഇത് ചെറിയ രീതിയില്‍ വ്യോമഗതാഗതം തടസ്സപ്പെടുത്തി. അന്ന് രാത്രി അഞ്ച് യുക്രേനിയന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു. യുഎസും നാറ്റോ സഖ്യകക്ഷികളും കിയെവ് ഭരണകൂടത്തിന് നല്‍കിയ സഹായമില്ലാതെ ഇത്തരം ആക്രമണങ്ങള്‍ സാധ്യമാകില്ലായിരുന്നുവെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ടാഗന്റോഗ് നഗരത്തില്‍ അവശിഷ്ടങ്ങള്‍ വീണ് 16 പേര്‍ക്ക് പരിക്കേറ്റു. ഇതിനെത്തുടര്‍ന്ന് യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ റോസ്തോവ് മേഖലയില്‍ രണ്ട് യുക്രേനിയന്‍ മിസൈലുകള്‍ തടഞ്ഞതായി റഷ്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മോസ്‌കോ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതു മുതല്‍ യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പതിവായി ഡ്രോണ്‍ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടക്കുകയാണ് .