വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലുമായി മരണ സംഖ്യ ദിനംപ്രതികുതിച്ചുയരുകയാണ്. തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ മരണം 8000 കടന്നുവെന്നാണ് പുതിയ റിപ്പോർട്ട്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. പതിനായിരങ്ങൾക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ത്യയും അമേരിക്കയും അടക്കം 76 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു പറഞ്ഞു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡസും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചു
അതിനിടെ ഡൽഹിയിലെ തുർക്കി എംബസിയിൽ പതാക പകുതി താഴ്ത്തിക്കെട്ടി. ഇന്ത്യയുടെ ദുരിതാശ്വാസ സഹായം തുടരുകയാണ്. വ്യോമസേനയുടെ രണ്ടാമത്തെ സി17 വിമാനവും തുർക്കിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്.