വാഷിംഗ്ടൺ : യുഎസ് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചു വരുന്നതായി ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും കമ്പനിയായ മെറ്റ അറിയിച്ചു. 2021ലെ ക്യാപിറ്റോൾ കലാപത്തെത്തുടർന്ന് ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. എത്രയും പെട്ടെന്ന് തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്ന് മെറ്റയുടെ പ്രസിഡന്റ് നിക് ക്ലെഗ് അറിയിച്ചു. സാമൂഹ്യ മാധ്യമ നയങ്ങൾക്കെതിരായി ട്രംപിന്റെ ഭാഗത്ത് നിന്ന് ഇനി എന്തെങ്കിലും വീഴ്ച വന്നാൽ അടുത്ത രണ്ട് വർഷത്തേക്ക് കൂടി വിലക്ക് ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ജനുവരി 6ന് ക്യാപിറ്റോൾ കലാപം നടന്നതിന് പിറ്റേദിവസം തന്നെ ട്രംപിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയിരുന്നു. യുഎസ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം തടയാനായി ട്രംപനുകൂലികൾ ക്യാപിറ്റോൾ ആക്രമണം നടത്തിയ സംഭവമായിരുന്നു ട്രംപിനെതിരെയുള്ള ആരോപണം. എന്നാൽ തന്റെ അഭാവത്തോടെ ഫേസ്ബുക്കിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് വന്നതെന്ന് ട്രംപ് ഫേസ്ബുക്കിന്റെ നടപടിയെ പറ്റി പ്രതികരിച്ചിരുന്നു.