ഇന്ത്യയുമായി ഒരു സമാധാന ചർച്ചയ്ക്ക് ഒരുങ്ങുന്നു എന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിച്ചെന്നും ഇനി യുദ്ധത്തിന് ഇല്ല സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളും അയൽക്കാരാണ്, എന്നും അടുത്തടുത്ത് കഴിയേണ്ടവർ, കലഹമല്ല, വികസനമാണ് വേണ്ടത് എന്നും വിശദീകരിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയോടും നേതൃത്വത്തിനോടും ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് അഭ്യർത്ഥനയെന്നും ഒരുമിച്ചിരുന്ന് പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും യുദ്ധമല്ല മറിച്ച് വികസനവും സമാധാനവും ആണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. എന്നാൽ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മലക്കം മറിഞ്ഞു. പിന്നാലെ കശ്മീരിന്‍റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് വിശദീകരണകുറിപ്പ് പുറത്തിറക്കി. ചര്‍ച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയുമായി ഇതുവരെ നടത്തിയ യുദ്ധങ്ങളിൽ നിന്ന് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്നും മറിച്ച് തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും മാത്രമാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു വർഷത്തോളമായി രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ ഷെഹബാസ് ഷെരീഫ് രാജ്യം ഇന്ധന പ്രതിസന്ധി, വിലക്കയറ്റം എന്നിവയാൽ അതീവ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറഞ്ഞു. ഇവ കൂടാതെ പാകിസ്ഥാൻ തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണികൾ രാജ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഷഹബാസ് പറഞ്ഞു. ഇന്ത്യയുമായുള്ള യഥാർത്ഥ പ്രശ്നങ്ങൾ ചർച്ചയിലൂടെ കണ്ടെത്തണമെന്നും അത് പരിഹരിച്ചു സമാധാനപരമായി മുന്നോട്ടു പോകാൻ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ആഗ്രഹമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.