ശ്വാസകോശങ്ങളിൽ ന്യുമോണിയ ബാധിച്ച് മൂന്നാഴ്ചയായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും. മാർപാപ്പ ചില ജോലികൾ ചെയ്‌തതായും ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ചാരുകസേരയിൽ സമയം ചെലവഴിച്ചതായും മെഡിക്കൽ ബുള്ളറ്റിനിലൂടെ വത്തിക്കാൻ അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയുടെ സ്ഥിരത കണക്കിലെടുത്ത്, ശനിയാഴ്ച വരെ പുതിയ മെഡിക്കൽ അപ്ഡേറ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി.
എന്നാൽ, അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് 88കാരനായ ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് മാർച്ച് നാലിന് മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ മാർപാപ്പയുടെ നില അതീവ ഗുരുതരമായിരുന്നു. കടുത്ത അണുബാധയും കഫക്കെട്ടും നേരിടുന്ന മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നുവെന്നായിരുന്നു വത്തിക്കാൻ അറിയിച്ചത്.