പാകിസ്ഥാനിൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ ധനക്കമ്മി 115 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഓരോ ദിവസം കഴിയുന്തോറും രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം കുറയുകയാണ്. മുങ്ങിത്താഴുന്ന പാക് സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ഷെഹ്ബാസ് സർക്കാർ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള സഹായത്തിനായി ചർച്ച നടത്തി വരികയാണ്. അതേസമയം ദരിദ്രരായ പാകിസ്ഥാന് വായ്പ നൽകുന്നതിന് ഐഎംഎഫ് ചില വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ പാകിസ്ഥാൻ അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. ഇക്കാര്യം അറിയിച്ച് ഓയിൽ അഡ്വൈസറി കൗൺസിൽ സർക്കാരിന് കത്തു നൽകി. പാകിസ്ഥാനി രൂപയുടെ മൂല്യത്തിൽ തുടർച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്കെത്തിക്കുകയാണ്. ഇതിനിടെയാണ് ഇന്ധന പ്രതിസന്ധിയുമുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഇന്ധനം ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യം വൈകാതെ എത്തുമെന്നാണ് മുന്നറിയിപ്പ്.