മെയ് 1 ന് കൊളംബിയയുടെ തെക്കുകിഴക്ക് ഭാഗത്ത് ലൈറ്റ് എയർക്രാഫ്റ്റ് തകർന്നുവീണ് നാലു കുട്ടികളെ കാണാതായിട്ട് ഒരു മാസം തികഞ്ഞു. 13, 9, 4, 11 മാസം പ്രായമുള്ള കുട്ടികൾ കാട്ടിൽ എവിടെയോ ജീവനോടെ ഉണ്ടെന്നുതന്നെയാണ് ഇപ്പോഴും സൈന്യം പറയുന്നത്. അറാറക്വാറയിൽ നിന്നും കൊളംബിയൻ ആമസോണിലെ സാൻ ജോസ് ഡേൽ ഗൊവിയാരെ നഗരത്തിലേക്ക് പറന്നുയർന്ന സെസ്സ്ന 206 എന്ന ചെറുവിമാനമാണ് തകർന്നു വീണത്. കുട്ടികളുടെ അമ്മയുടെയും മറ്റൊരാളിന്റെയും പൈലറ്റിന്‍റെയും മൃതദേഹങ്ങൾ 15 ദിവസങ്ങൾക്കുശേഷം കണ്ടെടുത്തു.
വിമാനം പറന്നുയർന്ന് 350 കി.മീ യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ എൻജിൻ പ്രശ്നങ്ങൾ പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം വിമാനം റഡാറിൽനിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.
അപകടം നിറഞ്ഞ ആമസോൺ വനത്തിൽ അകപ്പെട്ടിരിക്കുന്ന കുട്ടികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തിരച്ചിൽ തുടരുന്നതിനിടെ സൈന്യം വ്യക്തമാക്കി. കുട്ടികളെക്കുറിച്ച് അപകടം നടന്ന സ്ഥലത്തുനിന്നും വിവരമൊന്നും ലഭിച്ചില്ല. ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും വിമാനത്തിലെത്തി പ്രദേശത്ത് വിതറുന്നുണ്ട്. വിമാനം തകർന്നിടത്തുനിന്ന് കുട്ടികൾ സഞ്ചരിച്ച പാത സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തിയതായും രക്ഷാപ്രവർത്തകർ അവരുടെ ചില വസ്തുക്കളും താൽക്കാലിക ഷെൽട്ടറും പകുതി കഴിച്ച പഴവും മറ്റും കണ്ടെത്തിയതായും പറയുന്നു. കഴിഞ്ഞയാഴ്ച ഒരു ജോടി ഷൂസും ഡയപ്പറും കണ്ടെത്തി എന്നും രക്ഷാദൗത്യ തലവൻ വെളിപ്പെടുത്തി.