ജി20 അജണ്ടയിൽ സ്ത്രീപക്ഷ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ അംഗരാജ്യങ്ങളിലെ തലവന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി20 അദ്ധ്യക്ഷ പദം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റെടുത്തു. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിൽ നടക്കും. ഡിസംബർ 1 മുതൽ ജി20 അദ്ധ്യക്ഷ പദവി ഇന്ത്യക്ക് ഔദ്യോഗികമായി ലഭിക്കും. വസുധൈവ കുടുംബകം എന്നതാവും ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന്റെ വിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇതിന്റെ അർത്ഥം. ലോകത്തെ കൂട്ടായ നടപടികൾക്കുള്ള ചാലകശക്തിയായി ജി20 മാറുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പങ്കുവെച്ചു. എല്ലാ രാജ്യങ്ങളുടെയും പിന്തുണയോടെ ആഗോള ക്ഷേമത്തിനുള്ള പ്രവർത്തനത്തിന് ജി20 ഒരു പ്രേരകശക്തിയായി മാറ്റാൻ സാധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു.