ബംഗ്ലാദേശിലെ യൂനൂസ് സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. ജനങ്ങൾ അധികം വൈകാതെ തന്നെ യൂനസ് സർക്കാറിനെ ചവിട്ടി പുറത്താക്കുമെന്നും ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമണങ്ങൾ മനപൂർവ്വം യുനസും കൂട്ടരും നടത്തുന്ന ന്യുനപക്ഷ വേട്ടയാണെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങൾ ഈ ഇരുണ്ട കാലഘട്ടം ദീർഘനാള്‍ തുടരാൻ അനുവദിക്കില്ല എന്ന് താൻ വിശ്വസിക്കുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിൽ 25 വയസ്സുകാരനായ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെ തുടർന്നുണ്ടായ അക്രമങ്ങളും ഹസീന ചൂണ്ടിക്കാട്ടി. എല്ലാ മതവിഭാഗങ്ങൾക്കും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി പിന്തുടരാനുള്ള അവകാശത്തെ സർക്കാർ തടസ്സപ്പെടുത്തുകയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല ഇതെന്നും ഒരു കലാപത്തിലൂടെ അധികാരം പിടിച്ചെടുത്ത യൂനൂസ് സർക്കാരിന് രാജ്യത്തെ ഭരിക്കാൻ നിയമപരമായ അവകാശമില്ലെന്നും ഷെയ്ഖ് ഹസീന ആവർത്തിച്ചു.
ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകൾ വധിച്ച സംഭവത്തെ തുടര്ന്നുണ്ടായ ആക്രമണങ്ങളിൽ ബംഗ്ലാദേശിൽ വലിയ രീതിയിലുള്ള കലാപങ്ങൾക്ക് ആണ് സാക്ഷ്യം വഹിച്ചത്. തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തുന്ന അക്രമങ്ങൾക്ക് എതിരെ ഇന്ത്യ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരുന്നു.

