കാലിഫോർണിയ: കാലിഫോർണിയിൽ ചൈനീസ് പുതുവത്സരാഘോഷതോടനുബന്ധിച്ച് കഴിഞ്ഞദിവസം രാത്രി ഉണ്ടായ വെടിവയ്പ്പിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വെടിവയ്പ്പ് നടത്തിയ ആൾ പുരുഷനാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കാലിഫോർണിയയിലെ ലോസ് അഞ്ജലസിന് അടുത്തുള്ള മോൺട്രെപാർക്കിലെ ഒരു ഡാൻസ് ക്ലബ്ബിലാണ് സംഭവം നടന്നത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് വെടിവെപ്പ് ഉണ്ടായത്.
വെടിവെപ്പ് നടന്ന മോൺട്രെപാർക്കിൽ ചൈനീസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ വരായി ഏകദേശം അറുപതിനായിരത്തിൽ പരം ആളുകൾ ഉണ്ടായിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ 65 ശതമാനത്തോളം ഏഷ്യൻ അമേരിക്കക്കാരും 27 ശതമാനത്തോളം ലാറ്റിനോകളും 6 ശതമാനത്തോളം വെള്ളക്കാരുമാണ് താമസിക്കുന്നത്.
വെടിവയ്പ്പിന് തൊട്ടുമുൻപ് കടയിലേക്ക് മൂന്നുപേർ ഇരച്ചെത്തി കടയടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നതായി സമീപത്തെ റസ്റ്റോറന്റ് നടത്തുന്നയാൾ മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്പ്പ് നടത്തിയ ആളുടെ കയ്യിൽ അനേകം തവണ വെടിവെക്കാനുള്ള സാധനസാമഗ്രികൾ ഉണ്ടായിരുന്നതായാണ് വിവരം.സാമാന്യം വലിയ സെമി ഓട്ടോമാറ്റിക് തോക്കാണ് അക്രമിയുടെ കയ്യിൽ ഉണ്ടായിരുന്നതെന്നും ഇയാൾ കണ്ടവരുടെ എല്ലാം നേർക്ക് വെടി ഉതിർത്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഡാൻസ് പാർട്ടി ക്ലബ് ഉടമയും ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. താൻ സുഹൃത്തുക്കളോടൊപ്പം പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി ബാറിൽ പോയതാണെന്നും ശുചിമുറിയിൽ പോയി തിരികെ വന്നപ്പോഴേക്കും ഡാൻസ് ക്ലബ്ബ് ഉടമ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷിയായ ഒരാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വർഷങ്ങളായി ആഘോഷങ്ങൾ നടക്കുമെങ്കിലും കാലിഫോർണിയിൽ ഔദ്യോഗികമായി ആദ്യമായാണ് ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നത്.
അതേസമയം ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും ഏഷ്യൻ വംശജർ കൂടുതലായി തിങ്ങിപ്പാർക്കുന്ന ഇടം ആയതിനാലും ചൈനീസ് പുതുവത്സര ആഘോഷം നടക്കുന്നതിനാലും വംശീയ ആക്രമണം ആയിരിക്കാം എന്ന് സാധ്യതയും അധികൃതർ അന്വേഷിക്കുന്നുണ്ട്.