അങ്കാറ: കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കി കടന്നുപോയ ഭൂകമ്പത്തിന് പിന്നാലെ ഇന്നലെ തുർക്കിയിൽ വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇന്നലെ മൂന്നുപേർ മരിച്ചു. 680 ഓളം പേർക്ക് പരിക്കേറ്റു. തുർക്കിയുടെ തെക്കൻ മേഖലയിലെ ഹതായ് പ്രവിശ്യയുടെ തലസ്ഥാനമായ അന്താക്കയിലാണ് ഇന്നലെ ഭൂകമ്പം ഉണ്ടായത്.
രണ്ടാഴ്ച മുൻപ് തുർക്കിയിലും സിറിയയിലും ആയി ഉണ്ടായ ഭൂകമ്പത്തിൽ അരലക്ഷത്തിൽപരം ആളുകളുടെ ജീവനാണ് നഷ്ടമായത്. ദുരന്തമുഖത്ത് നിന്നും തുർക്കി ജനത കരകയറാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഹതായ് പ്രവിശ്യയിൽ വീണ്ടും ഭൂചലനം ഉണ്ടായത്. മേൽമണ്ണിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പസാധ്യത കണക്കിലെടുത്ത് ജനങ്ങൾ ഏവരും വീട് വിട്ട് തുറസ്സായ സ്ഥലങ്ങളിൽ അഭയംതേടി. കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തനവും തിരച്ചിലും തുർക്കി അവസാനിപ്പിച്ചത്. ഇതിനുപിന്നിലെയാണ് വീണ്ടും ഒരു ഭൂചലനം ഉണ്ടാകുന്നത്.