ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സ്ഥാനം ഒഴിയും. അടുത്തമാസം 7ന് മുമ്പ് പ്രധാനമന്ത്രിപദം രാജിവയ്ക്കുമെന്ന് ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി. ഒക്ടോബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്നും ലേബർ പാർട്ടി നേതൃസ്ഥാനവും ഉൾപ്പെടെ ഒഴിയുമെന്നും ജസീന്ത വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി ഫെബ്രുവരി 7ന് തന്നെ സ്ഥാനമേൽക്കുമെന്നാണ് പ്രതീക്ഷ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തിൽ ഈ വർഷം അവസാനം തീരുമാനമെടുക്കേണ്ടതുണ്ട്, സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ഉടൻ അധികാര കൈമാറ്റം അല്ലാതെ മുന്നിൽ മറ്റൊരു വഴിയില്ല’ പ്രധാനമന്ത്രി പറഞ്ഞു. ജസീന്ത ആര്‍ഡൻ രാജി പ്രഖ്യാപിച്ചതോടെ ഇനി അടുത്ത നേതാവിനെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്തുക എന്നതാണ് ഇപ്പോൾ ന്യൂസിലാൻഡ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
2018ലാണ് ജസീന്ത ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി പദം ആദ്യമായി ഏറ്റെടുത്തത്. ജസീന്ത ആർഡൻ ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി പദത്തിൽ എത്തിയശേഷം വളരെ പെട്ടെന്നാണ് അവർ ന്യൂസിലാൻഡിലെ ജനങ്ങളുടെ പ്രീതി നേടിയെടുത്തത്. തുടർന്ന് 2020ൽ വീണ്ടും പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ടു. സ്വന്തം നിലപാടുകൾ കൊണ്ടും ഇടപെടൽ കൊണ്ടും കരുത്തോടെ ന്യൂസിലാൻഡിനെ നയിച്ച അവർ വളരെ പെട്ടെന്ന് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരാധനാപാത്രമായി മാറി.