ഇന്തോനേഷ്യയിലെ യോഗ്യകാർത്ത മേഖലയിൽ സ്ഥിതി ചെയ്യുന്ന മെറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റർ ചാരം മൂടി. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. നിലവിൽ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എട്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും മൂടപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഗ്നി പര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ ഗ്രാമങ്ങളിലുള്ളവരോട് എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിർത്തിവയ്‌ക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1930ലാണ് മെറാപ്പി പൊട്ടിത്തെറിച്ച് അതിഭീകര ദുരന്തമുണ്ടായത്. അന്ന് 1,300പേര്‍ കൊല്ലപ്പെട്ടു.1994ല്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 60പേര്‍ കൊല്ലപ്പെട്ടു. 2010-ൽ മെറാപ്പി പൊട്ടിത്തെറിച്ചപ്പോൾ 347 പേർ കൊല്ലപ്പെടുകയും 20,000 ഗ്രാമീണരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
24 കോടി ജനങ്ങളുള്ള ഇന്തോനേഷ്യ ഭൂചലനങ്ങളുടെയും അഗ്നിപര്‍വത സ്‍ഫോടനങ്ങളുടെയും നാടാണ്. ഇന്തോനേഷ്യയിലെ ഏറ്റവും അപകടകാരിയും സജീവവുമായ അഗ്‍നിപര്‍വതമാണ് മെറാപി. 130 സജീവ അഗ്നിപര്‍വ്വതങ്ങളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ജാഗ്രതാ തലത്തിലുള്ള അഗ്നി പര്‍വ്വതമാണ് ഇത്. യോഗ്യകാർത്തയുടെ 28 കിലോമീറ്റര്‍ വടക്ക് മാറിയാണ് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. 9,721 അടി ഉയരമുണ്ട് ഈ പര്‍വ്വതത്തിന്.