യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള അലാസ്ക ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഇന്ത്യ.
“അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള അലാസ്ക ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. സമാധാനം പിന്തുടരുന്നതിൽ അവരുടെ നേതൃത്വം വളരെയധികം പ്രശംസനീയമാണ്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുക്രൈനിലെ സംഘർഷത്തിന് എത്രയും വേഗം ഒരു അന്ത്യം കാണാൻ ലോകം ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികൾക്കുമെതിരെ ദ്വിതീയ ഉപരോധം ഏർപ്പെടുത്തുന്നത് ഉടൻ പരിഗണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ് . എന്നിരുന്നാലും, “2-3 ആഴ്ചകൾക്കുള്ളിൽ” അത് പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്ന് ട്രംപ് പറഞ്ഞു.
1945 ന് ശേഷം യൂറോപ്പിലെ ഏറ്റവും മാരകമായ സംഘർഷമായ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനോ താൽക്കാലികമായി നിർത്താനോ ഉള്ള ഒരു കരാറും ഇല്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഉന്നതതല അലാസ്ക ഉച്ചകോടി വെള്ളിയാഴ്ച അവസാനിച്ചു. ഇപ്പോൾ നാലാം വർഷത്തിലേക്ക് കടക്കുകയാണ് ഈ സംഘർഷം.
വെടിനിർത്തലിനേക്കാൾ “സമഗ്രമായ സമാധാന കരാറാണ്” പുടിൻ ഇഷ്ടപ്പെടുന്നതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെത്തുടർന്ന് , റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ “സൃഷ്ടിപരമായ സഹകരണത്തിന്” താൻ തയ്യാറാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.