അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച അധിക താരിഫുകൾക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ കടുത്ത എതിർപ്പുകൾ നേരിടുകയാണ്. ഇന്ത്യയുടെ ഇറക്കുമതിക്ക് 50% താരിഫ് ചുമത്തിയ ട്രംപിന്റെ നീക്കത്തെ അമേരിക്കൻ കോൺഗ്രസിലെ പ്രമുഖരും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികളും ഒരുപോലെ വിമർശിച്ച് രംഗത്തെത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യക്കെതിരെ തിരിഞ്ഞ ട്രംപിന്റെ നയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ദശാബ്ദങ്ങളുടെ സൗഹൃദബന്ധം തകർക്കുമെന്നും, വളർന്നുവരുന്ന ഒരു ലോകശക്തിയായ ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഗ്രിഗറി മീക്സ്, ഇന്ത്യയുമായുള്ള “ആഴത്തിലുള്ള തന്ത്രപരവും സാമ്പത്തികവും” ആയ ബന്ധങ്ങളെക്കുറിച്ചും ട്രംപ് ഭരണകൂടം ആശങ്കകൾ “പരസ്പര ബഹുമാനത്തോടെ” പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യയിലെ മുൻ അമേരിക്കൻ അംബാസഡർ മൈക്കൽ മക്ഫോൾ, ട്രംപിന്റെ നയത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്ന് ഇന്ത്യയെക്കാൾ കൂടുതൽ എണ്ണ വാങ്ങുന്ന ചൈനയെ താരിഫ് ഭീഷണിയിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു.
ട്രംപിൻ്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖ ശബ്ദങ്ങളായ നിക്കി ഹേലിയും ക്രിസ് സുനുനുവും ട്രംപിന്റെ നടപടിയെ ശക്തമായി എതിർത്തു. “ഇന്ത്യയുമായുള്ള ബന്ധം കത്തിച്ചുകളയരുത്” എന്ന് നിക്കി ഹേലി മുന്നറിയിപ്പ് നൽകി. ചൈനയ്ക്ക് 90 ദിവസത്തേക്ക് താരിഫ് ഒഴിവാക്കി, ഇന്ത്യയെ ലക്ഷ്യമിടുന്നതിലെ യുക്തിയില്ലായ്മയും അവർ ചോദ്യം ചെയ്തു. ഇന്ത്യ ഭാവിയിൽ ഒരു “ലോകശക്തി” ആകാൻ പോവുകയാണെന്നും, അത്തരമൊരു സഖ്യകക്ഷിയെ അകറ്റി നിർത്തുന്നത് അമേരിക്കൻ നിർമ്മാതാക്കളെ ദോഷകരമായി ബാധിക്കുമെന്നും മുൻ റിപ്പബ്ലിക്കൻ ഗവർണർ ക്രിസ് സുനുനു പറഞ്ഞു.
ട്രംപിന്റെ താരിഫ് ഭീഷണിക്ക് ഇന്ത്യയും ശക്തമായ മറുപടി നൽകി. ഓഗസ്റ്റ് 4-ന് പ്രഖ്യാപിച്ച 25% താരിഫിന് പുറമെ വീണ്ടും 25% താരിഫ് പ്രഖ്യാപിച്ചതോടെ, ഇത് “ന്യായീകരിക്കാനാവാത്തത്” എന്നും “അങ്ങേയറ്റം നിർഭാഗ്യകരം” എന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി.