ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ മരണം 18 ആയി. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്. ഹൊർമോസ്ഗൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസിനു തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് സ്ഫോടനമുണ്ടായത്.
എന്നാൽ പലയിടങ്ങളിലായി നടന്ന സ്പോടനങ്ങളിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപോർട്ടുകൾ ഉണ്ട്. കണ്ടെയ്നറുകളിലും കണ്ടെയ്‌നറുകൾ സൂക്ഷിച്ചിരുന്നയിടങ്ങളിലും ഉഗ്ര സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. സ്ഫോടനത്തിനു പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചു. വലിയ ഒരു പ്രദേശം മുഴുവൻ ചില്ലുകളും മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിൽ ഇറാൻ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്‍റെ ഷഹീദ് റജയി ഭാഗത്താണ് വൻ സ്ഫോടനമുണ്ടായത്. കണ്ടെയ്നര്‍ ചരക്കുനീക്കത്തിനുള്ള ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണിത്. സംഭവത്തിൽ ഇറാൻ പ്രസിഡന്‍റ് ആണ് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടത്.