വാഷിംഗ്ടൺ: യുഎസിന്റെ വ്യോമ അതിർത്തി മേഖലകളിൽ ചൈനയുടെ ചാരബലൂൺ കണ്ടെത്തിയതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിൽ ബലൂണിന്റെ നീക്കം നിയന്ത്രിതമേഖലയ്ക്ക് പുറത്തുകൂടി ആയതിനാൽ ജനങ്ങൾക്ക് ഭീഷണിയല്ല എന്നാണ് യുഎസിന്റെ വിലയിരുത്തൽ. എന്നാൽ ബലൂൺ അതിർത്തിപ്രദേശത്തുകൂടി നീങ്ങുന്നതിനാൽ രാജ്യം അതീവജാഗ്രതയിലാണ്.
യുഎസിന്റെ അതിർത്തി പ്രദേശങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ചാര ബലൂണിനെ വെടിവെച്ചിടുന്നതിനെ കുറിച്ചുള്ള സാധ്യതകൾ പരിശോധിച്ചുവെങ്കിലും ജനങ്ങൾക്ക് ഭീഷണിയാകുമെന്ന കണക്കുകൂട്ടലിൽ അത്തരം നടപടി യുഎസ് അധികൃതർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ബലൂൺ വെടിവെച്ചിട്ടാൽ അതിന്റെ അവശിഷ്ടങ്ങൾ പതിച്ചു ചിലപ്പോൾ ജീവഹാനി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ വിഭാഗം, യു എസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതിനെ തുടർന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്. യുഎസിന്റെ തന്ത്ര പ്രധാനമായ മേഖലയിലൂടെ ആണ് ബലൂൺ നീങ്ങുന്നത് എന്നുള്ളത് കൊണ്ട് ഇതിന്റെ നീക്കം സദാ നിരീക്ഷിക്കാനുള്ള തീരുമാനത്തിലാണ് യുഎസ്.
അതേസമയം ചൈനയുടെ ചാര ബലൂൺ യുഎസ് അതിർത്തിയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വരും ദിവസങ്ങളിൽ ചൈന സന്ദർശിക്കാൻ ഇരിക്കവേയാണ് ഇത്തരമൊരു ബലൂണിന്റെ സാന്നിധ്യം കണ്ടെത്തിയത്.