ന്യൂഡൽഹി: ബംഗ്ലാദേശിലെ മോശം സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയുടെ ഈ നീക്കം.
ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതരോട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ധാക്കയിലെ ഹൈക്കമ്മീഷനും ചിറ്റഗോങ്, ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലെ മറ്റ് നയതന്ത്ര കാര്യാലയങ്ങളും തുടർന്നും തുറന്നു പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ അവിടെ തുടരുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിലെ തീവ്രവാദ പ്രവർത്തനങ്ങളിലെ വർധനവും സുരക്ഷാ വെല്ലുവിളികളും മുൻനിർത്തി, അവിടത്തെ ഇന്ത്യൻ നയതന്ത്ര പോസ്റ്റിംഗുകളെ ‘നോൺ-ഫാമിലി’ (കുടുംബത്തെ കൂടെ താമസിപ്പിക്കാൻ അനുവാദമില്ലാത്ത) വിഭാഗത്തിലേക്ക് മാറ്റാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരമൊരു നിബന്ധനയുള്ളത്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കും ഹൈന്ദവ വിശ്വാസികൾക്കും നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ നേരത്തെ തന്നെ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ വീഴുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേൽക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ പുതിയ നടപടികളിലേക്ക് കടന്നത്.

