വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്. 49കാരനായ പ്രതി യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ലൈസൻസുള്ള തോക്ക് കൈവശം വച്ചിരുന്ന ഒരു യാത്രക്കാരൻ ആണ് വെടിവച്ച് കൊലപ്പെടുത്തിയത്.
14 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ നിയന്ത്രണം ആകാശത്ത് വെച്ച് കത്തി വീശി ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. വിമാനം രാജ്യത്തിനു പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്. റാഞ്ചൽ സമയത്ത് വിമാനം വട്ടമിട്ടു പറന്നതിനു ശേഷം ഇന്ധനം തീർന്നുപോകാറായപ്പോൾ വിമാനം ബെലീസിൽ തിരിച്ചെത്തിയെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ബെലീസിന്റെ മെക്സിക്കോ അതിർത്തിക്കടുത്തുള്ള കൊറോസാൽ എന്ന ചെറുപട്ടണത്തിൽ നിന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സാൻ പെഡ്രോയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്.
വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരെ അക്രമി കുത്തിയതായി പൊലീസ് കമ്മീഷണർ ചെസ്റ്റർ വില്യംസ് പറഞ്ഞു. പൈലറ്റിനും അക്രമിയെ വെടിവെച്ച യാത്രക്കാനും ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റതിന് പിന്നലെയാണ് യാത്രക്കാരൻ അക്രമിക്ക് നേരെ വെടിയുതിർത്തത്. ഏകദേശം രണ്ട് മണിക്കൂർ സമയം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു. ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.