ഗാസയിലെ ആശുപത്രിയിൽ ചൊവ്വാഴ്‌ച നടന്ന സ്ഫോടനത്തിൽ 500ഓളം പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ വ്യോമാക്രമണമാണ് സ്‌ഫോടനത്തിന് കാരണമെന്ന് പലസ്‌തീൻ അറിയിച്ചെങ്കിലും ആരോപണം തള്ളി ഇസ്രയേൽ രംഗത്ത് വന്നു. ഹമാസ് നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് ഇത്രയും വലിയ നാശനഷ്‌ടത്തിലേക്ക് നയിച്ചതെന്നാണ് ഇസ്രയേലിന്റെ മറുപടി.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുന്നതിന്റെ തലേദിവസമാണ് ഈ ആക്രമണം നടന്നത്. പലസ്‌തീൻ പ്രധാനമന്ത്രി ഇതിനെ ഭയാനകമായ കുറ്റകൃത്യമെന്നും വംശഹത്യയെന്നും വിളിക്കുകയും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
പലസ്തീനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി പ്രതികരിച്ച് ഗൾഫ് രാജ്യങ്ങൾ രംഗത്ത് വന്നു. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കൊടുവിലും വെടിനിർത്തലിന് തയാറാവാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച സൗദി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നാവശ്യപ്പെട്ടു. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തർ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇത് പ്രകോപനം കൂട്ടുന്നതാണെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.