ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന സ്‌ഫോടനത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടനം നടന്നത് ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐഇഡി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. റിമോട്ട് കൺട്രോൾ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അതിൽ സൈനിക വാഹനം പൂർണ്ണമായും തകർന്നുവെന്നും ബലൂച് ലിബറേഷൻ ആർമി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശം വളരെക്കാലമായി ബലൂച് വിമതരുടെ പ്രവർത്തന കേന്ദ്രമാണ്. എന്നാൽ ആക്രമണത്തെക്കുറിച്ച് പാക് സൈന്യം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
ബലൂച് ലിബറേഷൻ ആർമി ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ വർഷങ്ങളായി സായുധ പോരാട്ടം നടത്തിവരികയാണ്. കഴിഞ്ഞ കുറച്ചു കാലമായി പാകിസ്ഥാനിൽ തുടർച്ചയായി തീവ്രവാദ ആക്രമണങ്ങൾ നടക്കുന്നുമുണ്ട്. കഴിഞ്ഞ മാസം ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. അന്ന് ഏഴ് സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.