സിപിഎം സഹയാത്രികനും പ്രമുഖ നേതാവുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വർഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. അധ:പതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനം, ബിജെപിക്ക് വേണ്ടി ഇനി പ്രവർത്തിക്കും,, ബിജെപി നടത്തുന്ന വികസനം താൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയിൽ നടത്തിയ വികസന പ്രവർത്തനം യാത്രയ്ക്കിടെ താൻ കണ്ടു. ബിജെപിയെ വർഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വർഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വർഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനൽ സംവാദത്തിന് വിളിച്ചു. ഞാൻ പറഞ്ഞു ഇന്നുമുതൽ എൻറെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
2026 നാടിൻറെ ഭാവിക്ക് വേണ്ടി ആകട്ടെയെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനുവരി 11 അമിത് ഷാ വരും. തിരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ സന്ദേശം ജനങ്ങൾ തന്നുവെന്നും അദ്ദേഹം പറഞ്ഞു.
റെജി ലൂക്കോസ് പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പറഞ്ഞു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നൽകിയതെന്നും സിപിഎം പറഞ്ഞു.

