പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരായി നടത്തിച്ച വീഡിയോയുടെ പേരില്‍ രോഷം ഉയരുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി 26 പാര്‍ട്ടികള്‍ അടങ്ങുന്ന മെഗാ പ്രതിപക്ഷ സഖ്യം. മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ അഭിസംബോധന ചെയ്യണമെന്നും സഖ്യം ആവശ്യപ്പെടുന്നു. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമായ പാര്‍ട്ടികളുടെ യോഗത്തിലാണ് ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്തത്.
പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
സഖ്യത്തിന്റെ ഭാഗമായ എല്ലാ പാര്‍ട്ടികളും അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുളള പ്രതിപക്ഷ തന്ത്രങ്ങള്‍ രാജ്യസഭയിലും തുടരുമെന്നാണ് അറിയുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു
മണിപ്പൂരില്‍ 83 ദിവസമായി തുടരുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സമഗ്രമായ പ്രസ്താവന നടത്തണം, തികച്ചും ഭയാനകമായ സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്, കേന്ദ്രത്തോട് മറുപടി ആവശ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.