യുഡിഎഫ് അധികാരത്തിലെത്തിയാൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംഎൽമാരിൽ നിന്ന് പുറത്തുള്ളയാൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. കൂടിയാലോചിച്ച് ഉചിതമായ തീരുമാനം ഉണ്ടായാൽ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് ഉപമുഖ്യമന്ത്രി സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സുധാകരനെതിരെ കത്തയച്ചത് സിപിഎമ്മാണെന്നും താനെഴുതിയതാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

