മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ ഇന്നും ചോദ്യം ചെയ്യലിന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഹാജരാകില്ലെന്നാണ് ഐജിയുടെ വിശദീകരണം. നേരത്തെ ഐജി ലക്ഷ്മണനോട് ഇന്ന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. കേസിലെ നാലാം പ്രതിയായ മുന്‍ ഐജി എസ് സുരേന്ദ്രന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ലക്ഷ്മണിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ക്രൈംബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ഐജി ലക്ഷ്മണ്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹാജരായിരുന്നില്ല.
ക്രൈം ബ്രാഞ്ച് തന്നെ പ്രതി ചേര്‍ത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഐജി ലക്ഷ്മണിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യം കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. എന്നാല്‍ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് ഐജി ജി ലക്ഷ്മണ്‍ അറിയിച്ചു.
മോന്‍സന്‍ മാവുങ്കലില്‍ നിന്നും സുരേന്ദ്രന്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ ഈ മാസം 16നും കെ സുധാകരനോട് 18നും ഹാജരാകാനാണ് നിര്‍ദ്ദേശം.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ദില്ലിയിലെ തടസങ്ങൾ നീക്കാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് പരാതി. കേസിൽ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. അതേസമയം ആരോപണം കെ സുധാകരൻ പൂർണമായും തള്ളി. മനസാ വാചാ തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും സുധാകരൻ പറഞ്ഞിരുന്നു.