ആലപ്പുഴ കളർകോട് ശബരിമല തീർത്ഥാടകസംഘത്തിന്റെ വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. സംഘത്തിൽ ഉണ്ടായിരുന്ന ഒൻപത് വയസ്സുകാരിക്ക് പരിക്കേറ്റു. ശബരിമല സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘത്തിന് നേരെയാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്. വാഹനം ആക്രമിച്ച യുവാവിനായി തിരച്ചിൽ ആരംഭിച്ചു എന്ന് പോലീസ് അറിയിച്ചു .
ഇന്നലെ രാത്രി 10 മണിയോടെ കളർകോട് ജംഗ്ഷനിൽ ആയിരുന്നു സംഭവം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ സംഘം കളർകോട് ജംഗ്ഷനിൽ ചായ കുടിക്കാൻ ഇറങ്ങി. ഈ സമയം സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ സമീപത്ത് ഉണ്ടായിരുന്ന ബൈക്കിന് അരികിൽ നിന്ന് മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തു. ഈ സമയം തൊട്ടടുത്തു നിൽക്കുകയായിരുന്ന യുവാവ് തന്റെയും കൂടെയുണ്ടായിരുന്ന യുവതിയുടെയും ഫോട്ടോയാണ് എടുത്തത് എന്ന് പറഞ്ഞായിരുന്നു ആക്രമിച്ചത്. വൃന്ദാവന എന്ന 9 വയസ്സുകാരിയെ തള്ളി താഴെയിട്ടു. കുട്ടിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ സംഘത്തിലുള്ളവരും യുവാവും തമ്മിൽ വാക്കേറ്റമായി. ഇതിനിടയിൽ മടങ്ങിപ്പോയ യുവാവ് അല്പസമയത്തിനുശേഷം തിരികെ വന്ന് കൈക്കോടാലി കൊണ്ട് ബസ്സിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൊട്ടേപ്പാടം സ്വദേശികളായ അയ്യപ്പഭക്തരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. സംഘത്തിൽ 9 കുട്ടികൾ അടക്കം 39 പേർ ഉണ്ടായിരുന്നു.
യുവാവിനൊപ്പം ഉണ്ടായിരുന്നത് ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയാണെന്ന് സംഘത്തിലുള്ളവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലെ ഫോട്ടോകൾ പരിശോധിച്ച സംഘം യുവതിയെയും യുവാവിനെയും തിരിച്ചറിയുകയും ഇവരുടെ ഫോട്ടോകൾ അടക്കം പോലീസിനെ കൈമാറുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. യുവാവിനായി രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചു എന്നും പോലീസ് അറിയിച്ചു.