പത്തനംതിട്ട: ശബരിമലയിലെ പുതുക്കിയ മെനു പ്രകാരമുള്ള അന്നദാന സദ്യ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. സദ്യ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിച്ചുവെന്നും, അതുമായി ബന്ധപ്പെട്ട് പ്രാഥമിക ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്നും ജയകുമാർ പറഞ്ഞു. വിഷയം നാളത്തെ ബോർഡ് യോഗത്തിൽ വീണ്ടും വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
അന്നദാന സദ്യയ്ക്ക് സ്റ്റീൽ പ്ലേറ്റ് ഉപയോഗിക്കാനാണ് ധാരണയായിട്ടുള്ളത്. പ്രയോഗികമായ ബുദ്ധിമുട്ടുകൾ എല്ലാം പരിഹരിച്ച് കൊണ്ടായിരിക്കും സദ്യ വിളമ്പി തുടങ്ങുകയെന്നും ജയകുമാർ വ്യക്തമാക്കി. അഭിപ്രായം അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലെ തീർത്ഥാടകർക്ക് സദ്യ അല്ലെങ്കിൽ അനുപാതിക മറ്റ് ഭക്ഷണ സംവിധാനം ഒരുക്കുന്നതിനെ പറ്റി ആലോചിക്കും.
സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ബുക്കിങ് ഇല്ലാതെ ആളുകൾ എത്തുന്നത് കർശനമായി നിയന്ത്രിക്കും. നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമാണ്. കുറവുകൾ അടിയന്തിരമായി പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു

