രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വർധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല. അതേസമയം സബർബൻ യാത്രാ നിരക്കുകളിലും സീസൺ ടിക്കറ്റുകളിലും (സബർബൻ, നോൺ-സബർബൻ റൂട്ടുകൾക്ക്) മാറ്റമില്ല. നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് നിരക്കുവർധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകൾക്ക് വർധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസർവേഷൻ നിരക്കോ സൂപ്പർഫാസ്റ്റ് സർച്ചാർജോ കൂടില്ല.
അഞ്ചുവർഷത്തിനുശേഷമാണു നിരക്കു കൂടുന്നത്.യാത്രാ നിരക്ക് ഘടനകൾ ലളിതമാക്കുന്നതും യാത്രാ സേവനങ്ങളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണ് പാസഞ്ചർ ട്രെയിൻ സർവീസുകൾക്കുള്ള അടിസ്ഥാന നിരക്ക് യുക്തിസഹമാക്കിയതെന്ന് റെയിൽവേ അറിയിച്ചു. തത്കാൽ ഉൾപ്പെടെ ഓൺലൈനായി ടിക്കറ്റെടുക്കാൻ ഇനി ആധാർ ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ജൂലായ് 15 മുതൽ ഇതിന് ആധാർ അധിഷ്ഠിത ഒടിപി നിർബന്ധമാക്കും.
യാത്രാ നിരക്കിലെ പ്രധാന മാറ്റങ്ങൾ ഇവയാണ് :
സാധാരണ നോൺ-എസി ക്ലാസുകൾ (സബർബൻ ഇതര ട്രെയിനുകൾ):
സെക്കൻഡ് ക്ലാസ്:
500 കിലോമീറ്റർ വരെ വർധനവില്ല
501 മുതൽ 1500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 5 രൂപ
1501 മുതൽ 2500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 10 രൂപ
2501 മുതൽ 3000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 15 രൂപ
സ്ലീപ്പർ ക്ലാസ്: കിലോമീറ്ററിന് 0.5 പൈസ വർധിപ്പിച്ചു
ഫസ്റ്റ് ക്ലാസ്: കിലോമീറ്ററിന് 0.5 പൈസ വർധിപ്പിച്ചു
മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ (നോൺ-എസി):
സെക്കൻഡ് ക്ലാസ്: കിലോമീറ്ററിന് 01 പൈസ
സ്ലീപ്പർ ക്ലാസ്: കിലോമീറ്ററിന് 01 പൈസ
ഫസ്റ്റ് ക്ലാസ്: കിലോമീറ്ററിന് 01 പൈസ
എസി ക്ലാസുകൾ (മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ):
എസി ചെയർ കാർ, എസി 3-ടയർ/3-ഇക്കണോമി, എസി 2-ടയർ, എസി ഫസ്റ്റ്/എക്സിക്യൂട്ടീവ് ക്ലാസ്/എക്സിക്യൂട്ടീവ് അനുഭൂതി:
കിലോമീറ്ററിന് 02 പൈസയുടെ വർധനവ്
രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഹംസഫർ, അമൃത് ഭാരത്, മഹാമന, ഗതിമാൻ, അന്ത്യോദയ, ജൻ ശതാബ്ദി, യുവ എക്സ്പ്രസ്, എസി വിസ്റ്റാഡോം കോച്ചുകൾ, അനുഭൂതി കോച്ചുകൾ, ഓർഡിനറി നോൺ-സബർബൻ സർവീസുകൾ തുടങ്ങിയ പ്രീമിയർ, സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്കും ക്ലാസ് തിരിച്ചുള്ള ഘടന അനുസരിച്ച് നിരക്ക് പരിഷ്ക്കരണം ബാധകമാണ്.