കോഴിക്കോട് താമരശ്ശേരിയിൽ പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു.
ഇന്നലെ (മാര്‍ച്ച് 7) രാവിലെ ഒൻപതരയോടെയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലായത്. താമരശ്ശേരിയിൽ വച്ച് എംഡിഎംഎ കൈവശംവച്ചതിന് ഷാനിദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ അടങ്ങിയ പൊതികൾ വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. ചോദ്യം ചെയ്‌തപ്പോൾ എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്‌തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ രണ്ട് കവറുകളാണ് കണ്ടെത്തിയത്.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, നേരത്തെ ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്‌ട് പ്രകാരം കേസ് എടുത്തിട്ടുണ്ടായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.