ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം നടത്തുമെന്നും ഈ മാസം 15നകം കുറ്റപത്രം സമർപ്പിക്കുമെന്നും ഗുസ്തി താരങ്ങൾക്ക് കേന്ദ്രസർക്കാര്‍ ഉറപ്പ് നൽകി. ഇതോടെയാണ് ഗുസ്തി താരങ്ങളുടെ സമരം നിർത്തിവച്ചത്. ജൂൺ 15 വരെയാണ് താരങ്ങൾ സമരം നിർത്തിവച്ചിരിക്കുന്നത്. താരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കാനും തീരുമാനമായി. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം.
ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുമായുള്ള ചർച്ചക്ക് പിന്നാലെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നും ആവശ്യമെങ്കിൽ ജോലി രാജിവെക്കാനും മടിയില്ലെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. .
ഈ വര്‍ഷം ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക സംഘടന നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.