ചിലിയില്‍ കാട്ടുതീയില്‍ അകപ്പെട്ട് 13 പേര്‍ മരിച്ചു. 35,000 ഏക്കര്‍ വനം കത്തിനശിച്ചു. തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് 500 കിലോമീറ്റര്‍ തെക്ക് ഭാഗത്തുള്ള ബയോബിയോയിലെ സാന്താ ജുവാനയില്‍ അഗ്‌നിശമന സേനാംഗം ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് . പ്രദേശത്തെ ശക്തമായ കാറ്റ് തീപിടുത്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് സൈനികരെയും രക്ഷാപ്രവര്‍ത്തകരെയും വിന്യസിപ്പിച്ചിട്ടുണ്ട്.
ബയോബിയോയിലെയും അയല്‍രാജ്യമായ ന്യൂബിളിലെയും കൃഷിയിടങ്ങളും വനമേഖലകളും ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. ചിലിയന്‍ ഡിസാസ്റ്റര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം നിരവധി കുടുംബങ്ങളെ ഇതിനകം അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. തീപിടിത്തം മൂലം പല ഹൈവേകളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി ജനവാസ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചു. നൂറുകണക്കിന് വീടുകള്‍ക്ക് നാശം സംഭവിച്ചെന്നും ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു. വരും ദിവസങ്ങളില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായിരിക്കാമെന്നും തോഹ പറഞ്ഞു. ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഗ്രൗണ്ട് ഉപകരണങ്ങളും 63 വിമാനങ്ങളും ഉപയോഗിച്ച് അഗ്‌നിശമന സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.