മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സിപിഎം നേതൃത്വം വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ വിഎസിനെ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് വിഎസ്സിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ ഐസിയുവിൽ തുടരുകയാണ്.
101 വയസുള്ള അച്യുതാനന്ദൻ നിലവിൽ സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാവാണ്. 2006 മുതൽ 2011 വരെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിലും പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളാണ്. ആലപ്പുഴ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-നാണ് വി എസിന്റെ ജനനം. 1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിൽ അംഗമായി. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016-ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു.